തിരുവനന്തപുരം: മോൺസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോകകേരള സഭ നടക്കുമ്പോൾ നിയമസഭാ മന്ദിരത്തിലെത്തിയത് സഭാ ടീവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയെന്ന് ചീഫ് മാർഷലിൻറെ റിപ്പോർട്ട്. സഭാ ടിവി ഓപ്പൺ ഫോറത്തിൽ പങ്ക് എടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി . സ്പീക്കർക്ക് കൈമാറിയ റിപ്പോർട്ടിന്മേൽ നാളെ നടപടി ഉണ്ടാകും.
ലോക കേരള സഭക്കിടെ അനിതാ പുല്ലയിൽ നിയമസഭാ മന്ദിരത്തിലെത്തിയത് വൻ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കർ നിയമസഭാ ചീഫ് മാർഷലിനെ ചുമതലപ്പെടുത്തിയത്. അനിത സഭാമന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നൽകിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.