കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതി സിനിമാനിർമാതാവ് സിറാജുദ്ദീനെന്ന് കസ്റ്റംസ്. താൻ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആദ്യമായല്ല സ്വർണം കടത്തുന്നതെന്നും, മുമ്പും കടത്തിയിട്ടുണ്ടെന്നും കസ്റ്റംസിനോട് സിറാജുദ്ദീൻ തുറന്ന് സമ്മതിച്ചു.
ഏപ്രിൽ അവസാനവാരം മാംസം മുറിക്കുന്ന യന്ത്രത്തിനുള്ളിൽ രണ്ട് കിലോയോളം സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ കേസിലെ പ്രതിയാണ് സിറാജുദ്ദീൻ. ബലാത്സംഗക്കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിന് ദുബായിൽ ഒളിത്താവളം ഒരുക്കിയത് ഇയാളാണെന്ന് ആരോപണമുയർന്നിരുന്നു. ചാർമിനാർ, വാങ്ക് എന്നീ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ.
കേസിൽ പിടിയിലാവുന്ന മൂന്നാമത്തെയാളാണ് സിറാജുദ്ദീൻ. തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്‍റെ മകൻ എൻ ഇ ഷാബിൻ ഇബ്രാഹിം, ഡ്രൈവർ നകുൽ എന്നിവരെ രണ്ട് മാസം മുമ്പ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.