പാലക്കാട്: പാലക്കാട്ടെ അനസിൻ്റെ കൊലപാതകത്തിൽ മുഖ്യപ്രതിക്കൊപ്പമുണ്ടായിരുന്ന പോലീസുകാരനെയും അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഫിറോസിൻ്റെ സഹോദരനായ റഫീഖിനെയാണ് രാത്രി വൈകി പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്. അറസ്റ്റ് വൈകരുതെന്ന ഉന്നത പൊലീസ് നേതൃത്വത്തിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി.
മലപ്പുറം അരീക്കോട് ആംഡ് റിസർവ്വ് ക്യാമ്പിലെ പോലീസുകാരനായ റഫീഖിനെ രക്ഷിക്കാനായി സംഭവത്തിന്റെ തുടക്കം മുതലേ പോലീസ് വലിയ തരത്തിൽ ശ്രമിച്ചിരുന്നു. ഫിറോസ് അനസിനെ മർദ്ദിക്കുമ്പോൾ പിടിച്ചു മാറ്റാൻ ശ്രമിക്കുകയായിരുന്നു റഫീഖ് എന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്. പിന്നീട് റഫീഖിൻ്റെ അറിവോടെയല്ല കൊലപാതകം നടന്നതെന്നായി. ഒടുവിൽ അക്രമത്തിൻ്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസിന് പണികിട്ടിയത്.