മലപ്പുറം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെ.എന്‍.എ ഖാദറിന് പരോക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ സാദിഖലി ശിഹാബ് തങ്ങള്‍. എങ്ങോടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങോട് പോകാന്‍ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണം. ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
“അച്ചടക്ക ബോധമുള്ള പാർട്ടിക്കാരാകുമ്പോൾ ആരെങ്കിലും വിളിച്ചാൽ അപ്പോഴേക്കും പോകേണ്ട. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നാം നോക്കണം. നമുക്ക് അങ്ങോട്ടു പോകാൻ പറ്റുമോ എന്ന് ചിന്തിക്കണം. അതിന് സാമുദായികമായ പ്രത്യേകതകൾ നോക്കേണ്ടി വരും. രാജ്യസ്‌നേഹപരമായ പ്രത്യേകതകൾ നോക്കേണ്ടി വരും. സാമൂഹികമായ പ്രത്യേകതകൾ നോക്കേണ്ടി വരും. അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാൽ അപ്പത്തന്നെ പോകേണ്ട കാര്യം മുസ്‌ലിംലീഗുകാരെ സംബന്ധിച്ച് ഇല്ല” വയനാട്ടിൽ നടന്ന മുസ്‌ലിംലീഗ് പരിപാടിയിൽ തങ്ങൾ നിലപാട് വ്യക്തമാക്കി.
പാര്‍ട്ടിക്ക് പാര്‍ട്ടിയിടേതായ തീരുമാനങ്ങളുണ്ട് അതാണ് നടപ്പാക്കേണ്ടത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ പാര്‍ട്ടിയെകുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് പാര്‍ട്ടി തീരുമാനമാണെന്ന് തെറ്റിദ്ധരിക്കരുത്. പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കുന്നതാണ്. അതല്ലാതെ ചില വ്യാഖ്യാതാക്കളുണ്ട്. അവരുടെ തീരുമാനം പാര്‍ട്ടി തീരുമാനമായി തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് കേസരി ആസ്ഥാനത്ത് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ കെ.എൻ.എ ഖാദർ പങ്കെടുത്തത്. വിവാദമായ സാഹചര്യത്തിൽ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ എൻ എ ഖാദർ രംഗത്തെത്തിയിരുന്നു. സാംസ്‌കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. സാദിഖലി ശിഹാബ് തങ്ങളും മുസ്ലിം ലീഗും സ്വീകരിക്കുന്ന നിലപാടാണ് തന്റേതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.