എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ (കീം) ജയിച്ച് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനത്തിന്റെ അവസാന ദിവസം മറ്റൊരു കോളജിൽ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക്, അവർ മുമ്പ് പ്രവേശനം നേടിയ കോളജിൽ അടച്ച ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ ഫീസും മടക്കി നൽകാൻ സർക്കാർ ഉത്തരവ്. പ്രവേശന നടപടികൾ അവസാനിപ്പിച്ച ശേഷം ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകാൻ കഴിയില്ലെന്ന കോളജുകളുടെ നിലപാട് തെറ്റാണെന്ന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കിൻ്റെ ഉത്തരവ് നടപ്പാക്കിക്കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്, സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
സ്പോട്ട് അഡ്മിഷനിൽ പുതിയ കോളജിൽ പ്രവേശനം നേടിയതിൻ്റെ പിറ്റേന്ന് തന്നെ വിദ്യാർത്ഥികൾ ആദ്യം പ്രവേശനം നേടിയ കോളജിൽ ടി.സിക്ക് അപേക്ഷിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സ്പോട്ട് അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കുന്ന കോളജുകൾക്കാണ് ഈ ഉത്തരവ് ബാധകം. പ്രവേശന നടപടികൾ അവസാനിച്ച ശേഷം ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം.