തന്നെ വെടിവച്ച് മുറിവേൽപ്പിച്ചതിലെ പ്രതികാരമായി, കരടി വേട്ടക്കാരനെ കൊന്നു. റഷ്യയിലെ ഇർകുഷ്‌ക് മേഖലയിലെ തുലുൻ ജില്ലയിലാണ് സംഭവം. 62 വയസുള്ള വേട്ടക്കാരനാണ് കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തലയോട്ടി തകർന്ന ഇയാൾ തൽക്ഷണം മരിച്ചു. മരത്തിന് മുകളിൽ നിന്നാണ് വേട്ടക്കാരൻ വന്യമൃഗത്തെ വെടിവച്ചത്. മരിച്ചോ എന്ന് പരിശോധിക്കാൻ താഴെ ഇറങ്ങി കരടിക്ക് സമീപമെത്തി. ചത്തതായി കരുതിയ മൃഗം പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കരടി മരണ വെപ്രാളത്തിൽ നടത്തിയ അക്രമണത്തിൽ ഇയാളുടെ തലയോട്ടി തകർന്നു. 50 മീറ്റർ അകലത്തായിട്ടാണ് കരടിയുടേയും മനുഷ്യന്റെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. ശരീരം കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഇയാളെ കാണാതായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പിന്നീടാണ് മൃതദേഹം ലഭിച്ചത്. സൈബീരിയൻ മേഖലയിൽ തെരച്ചിൽ നടത്തിയതിന് ശേഷമാണ് ഭയാനകമായ രംഗം കണ്ടെത്തിയത്. റഷ്യയിൽ കരടി ആക്രമണം സാധാരണമാണ്. 2021ൽ റഷ്യൻ ദേശീയ ഉദ്യാനത്തിൽ മൂന്ന് സുഹൃത്തുക്കൾ നോക്കിനിൽക്കെ ഒരാളെ കരടി കൊന്നു തിന്നിരുന്നു.