പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായിരുന്ന കെ.എം.മാണിയുടെ പേര് നല്‍കുവാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആദരസൂചകമായി പാലാ ജനറല്‍ ആശുപത്രിക്ക് മാണിയുടെ പേര് നൽകാൻ ധാരണയായത് .
നേരത്തെ, പാലാ ബൈപാസ് റോഡിനും കെ.എം.മാണിയുടെ പേര് നല്‍കിയിരുന്നു. ബൈപാസ് റോഡ് മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരാണ് ബൈപാസിന് മാണിയുടെ പേര് നല്‍കിയത്.
തുടർച്ചയായി 13 തവണയാണ് മാണി പാലയിൽ നിന്ന് നിയമസഭാംഗമായത്.പാലായുടെ മാണിക്യമെന്നാണ് തെരഞ്ഞെടുപ്പുകളിൽ മാണിയെ വിശേഷിപ്പിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം ,ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ നിരവധി റെക്കോഡുകളാണ് കേരള രാഷ്ട്രീയത്തിൽ കെഎം മാണിയുടെ പേരിനൊപ്പമുള്ളത്.കര്‍ഷക തൊഴിലാളി പെൻഷൻ മുതല്‍ കാരുണ്യ ലോട്ടറി വരെ കെഎം മാണിയുടെ ജനപ്രിയ പദ്ധതികളായിരുന്നു.