ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ദ്രൗപദി മുർമുവിന് വിജയാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിച്ച ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാണ് ദ്രൗപദി മുർമുവിന്റെ ജീവിതം. ഭരണനിർവ്വഹണ കാര്യങ്ങളിലെ അവരുടെ അനുഭവ സമ്പത്തും സഹാനുഭൂതി നിറഞ്ഞ പെരുമാറ്റവും നമ്മുടെ രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
തന്റെ ജീവിതം സാമൂഹ്യ സേവനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പുരോഗതിക്കും വേണ്ടി ഉഴിഞ്ഞു വെച്ച വ്യക്തിത്വമാണ് ദ്രൗപദി മുർമുവിന്റേത്. മികച്ച നേതൃപാടവവും ഗവർണർ എന്ന നിലയിൽ വളരെ മികച്ച അനുഭവ പരിജ്ഞാനവുമാണ് അവർക്ക് ഉള്ളത്. നമ്മുടെ രാഷ്‌ട്രത്തിന് മികച്ച ഒരു രാഷ്‌ട്രപതിയാകാൻ ദ്രൗപദി മുർമുവിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപതി മുർമു. ജാർഖണ്ഡ് മുൻ ഗവർണറുമാണ്. രാഷ്‌ട്രപതി സ്ഥാനത്തേക്ക് 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് എൻഡിഎ യോഗം ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. 2000 മുതൽ 2004വരെ ഒഡീഷയിലെ റയ്റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. മികച്ച എം എൽ എയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 2015 മെയ് 18 മുതൽ ഝാർഖണ്ഡ് സംസ്ഥാനത്തെ ഗവർണ്ണറായിരുന്നു ദ്രൗപതി മുർമു.