ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് ഇന്ന് രാത്രിയും തുടരും.
ഇന്ന് പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അരമണിക്കൂർ നേരത്തെ ഇടവേള അനുവദിച്ചു. അരമണിക്കൂറിന് ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിർദേശം. ഇതുവരെ 50 മണിക്കൂറോളമാണ് ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെയായിരുന്നു ചോദ്യം ചെയ്തത്. പിന്നീട് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് അവധി വേണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇളവിന് അഭ്യര്‍ഥിച്ചത്. ഇതേത്തുടര്‍ന്ന് ഇ.ഡി. ചോദ്യം ചെയ്യലിന് ഇളവു നല്‍കുകയായിരുന്നു. ശേഷം തിങ്കളാഴ്ച വീണ്ടും രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.