ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. രാജ്യത്തെ യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയിൽകൂടി ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി പറഞ്ഞു. അഗ്നിപഥ് പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പല രാജ്യങ്ങളിലും ഇത്തരം നിയമനങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ് പദ്ധതി. ഏറെ ആലോചിച്ചെടുത്ത തീരുമാനത്തിനെതിരെ നിരവധി പ്രചാരണങ്ങൾ നടക്കുന്നതായും ലഫ്റ്റനന്റ് ജനറൽ അനിൽ പൂരി മാധ്യമങ്ങളോട് പറഞ്ഞു.
സൈനിക റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും റെജിമെന്റൽ നടപടി ക്രമങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിൽ ചേരാൻ വേണ്ടി ജനങ്ങളെ ആകർഷിക്കുക, സാങ്കേതികമായുള്ള അറിവ്, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നീ കാര്യങ്ങളാണ് പദ്ധതികളിൽ കൂടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെപ്പോലെ ജനസംഖ്യാപരമായ നേട്ടം മറ്റൊരു രാജ്യത്തിനും നിലവിലില്ല. നമ്മുടെ യുവജനതയിൽ 50 ശതമാനവും 25 വയസ്സിൽ താഴെയുള്ളവരാണ്. ഇന്ത്യൻ സേന അതിൽനിന്ന് പരമാവധി പ്രയോജനപ്പെടുത്തണം. ജനസംഖ്യാപരമായ ഈ നേട്ടത്തിന്റെ പ്രതിഫലനം രാജ്യത്തുണ്ടാവണം. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അനിൽ പൂരി പറഞ്ഞു.
അഗ്‌നിപഥ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ തീവെപ്പുകളിലും അക്രമ സംഭവങ്ങളിലും പങ്കാളികളായിട്ടില്ല എന്ന സത്യവാങ്മൂലം സമർപ്പിക്കണം. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. നേരത്തെ ഉണ്ടായിരുന്ന സൈനികരെ അഗ്നിവീർ സ്‌കീമിലേക്ക് മാറ്റും എന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.