ലഖ്‌നൗ: പ്രയാഗ്‌രാജിൽ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി അഖിലേന്ത്യാ നേതാവ് ജാവേദ് മുഹമ്മദ് സംസ്ഥാനത്തെ ദിയോറിയ ജയിലിലുണ്ടെന്ന് സ്ഥിരീകരിച്ച് കുടുംബം. മകളും വിദ്യാർത്ഥി നേതാവുമായ അഫ്രീൻ ഫാത്തിമയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുടുംബം ഇന്ന് ജയിലിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.
ജാവേദിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം കുടുംബം രംഗത്തെത്തിയിരുന്നു. നേരത്തെ അറസ്റ്റിനുശേഷം ജാവേദിനെ പ്രവേശിപ്പിക്കപ്പെട്ടതായി കരുതിയിരുന്ന നൈനി ജയിലിൽ അദ്ദേഹമില്ലന്ന് കഴിഞ്ഞ ദിവസം അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ, എവിടെയാണ് അദ്ദേഹമുള്ളതെന്ന് വ്യക്തമാക്കാൻ ജയിൽ അധികൃതരോ പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടമോ തയാറായിട്ടില്ല.
ഇതിനു പിന്നാലെയാണ് ജാവേദിന്റെ ഭാര്യ പർവീൺ ഫാത്തിമ വാർത്താകുറിപ്പിൽ ഭർത്താവിന്റെ ജീവനിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മകളും വിദ്യാർത്ഥി നേതാവും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ അഫ്രീൻ ഫാത്തിമയാണ് മാതാവ് പർവീൺ ഫാത്തിമയുടെ പേരിൽ തയാറാക്കിയ വാർത്താകുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചത്. അറസ്റ്റിനു ശേഷം ഒൻപതു ദിവസം കഴിഞ്ഞിട്ടും ജാവേദിനെക്കുറിച്ച് ഒരു വിവരവും അധികൃതർ നൽകുന്നില്ലെന്ന് കുറിപ്പിൽ പരാതിപ്പെടുന്നു.