തിരുവനന്തപുരം: സ്വപ്ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തൽ നാടകത്തിന് പിന്നിൽ ബിജെപി – യുഡിഎഫ് ഗൂഢാലോചനയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര ഏജൻസികളുടെ കൈയ്യിലെ കളിപ്പാവയാണ് സ്വപ്ന. ഇതൊന്നും ഈ കേരളത്തിൽ വിലപ്പോവില്ല. വികസന പദ്ധതികൾ അട്ടിമറിക്കാനും നാട്ടിൽ കലാപം വിതയ്ക്കാനും കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരായ യുഡിഎഫിന്‍റെ സമരാഭാസത്തിന് മുന്നിൽ മുട്ടുമടക്കില്ല. വേണമെങ്കിൽ മുഖ്യമന്ത്രിക്ക് പോലീസ് സുരക്ഷ വേണ്ടെന്നു വയ്ക്കാം. സുരക്ഷ പാർട്ടി ഏറ്റെടുക്കാം. പിന്നെ ഒരുത്തനും മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരില്ലെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. നിയമസഭയിൽ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം പിണറായി സർക്കാർ ഭരിക്കും. കോൺഗ്രസിനുള്ള താക്കീതാണിത്, തീക്കളി നിർത്തിക്കോളാനും കോടിയേരി പറഞ്ഞു.
സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക് ഏത്തിയപ്പോൾ അട്ടിമറിച്ചു. ഇപ്പോൾ സ്വപ്ന ആർഎസ്എസിന്‍റെ കൈയിലിരുന്ന് കളിക്കുകയാണ്. ആർഎസ്എസിന്‍റെ എൻജിഒയിൽ അവർക്ക് ജോലി കൊടുത്തത് തന്നെ ദുരൂഹം. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനുള്ള ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
അതേസമയം, സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വർണക്കടത്ത് കേസിൽ പ്രധാനപങ്കുവഹിച്ചത് എം ശിവശങ്കർ ഐഎഎസ് ആണ്. രഹസ്യമൊഴിയുടെ പേരിൽ തന്നെയെയും അഭിഭാഷകനെയും സർക്കാർ ദ്രോഹിക്കുന്നുവെന്ന് സ്വപ്ന ആരോപിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് സ്വർണക്കടത്തെന്നും സ്വപ്ന കത്തിൽ സൂചിപ്പിക്കുന്നു.