സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാൻ ഇടനിലക്കാരനെ അയച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ മുന്‍ വിജിലൻസ് ഡയറക്ടര്‍ എം ആർ അജിത് കുമാർ പുതിയ നിയമനത്തിലേക്ക്. വിജിലൻസിൽ നിന്നും മാറ്റിയെങ്കിലും സിവിൽ റൈറ്റസ് പ്രൊട്ടക്ഷൻ എഡിജിപിയെന്ന തസ്തികയിലേക്കാണ് അജിത് കുമാറിനെ നിയമിച്ചത്. പുതിയ തസ്തിക ഇതേ വരെ നൽകിയിരുന്നില്ല. അപ്രധാന തസ്തികയിലേക്കാണ് ഇപ്പോള്‍ നിയമനം നൽകിയിരിക്കുന്നത്.
ഷാജ് കിരണുമായി അജിത് ഫോണിൽ സംസാരിച്ചു എന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിന് പിന്നാലെയാണ് അജിത് കുമാറിനെ മാറ്റിയത്. വിജിലൻസ് മേധാവി എം ആർ അജിത് കുമാർ, ലോ ആന്‍റ് ഓർഡർ എഡിജിപി എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ ആരോപണം. പുതിയ വിജിലൻസ് ഡയറക്ടറെ ഇതേ വരെ നിയമിച്ചിട്ടില്ല. ഐജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല.