മാലദ്വീപിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച ലോക യോഗാദിന പരിപാടി ഒരു സംഘം പ്രതിഷേധക്കാരുടെ ആക്രമണം. മാലദ്വീപ് നാഷണൽ ഫുഡ്‌ബോൾ സ്‌റ്റേഡിയത്തിൽ നടന്ന യോഗ പരിപാടിക്കിടെയാണ് സംഭവം.ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. യോഗാഭ്യാസം നടക്കുന്നതിനിടെ വടികളുമായെത്തിയ സംഘം യോഗ ചെയ്യുന്നവരെ മർദ്ദിക്കുകയായിരുന്നു.
പോലീസ് ഇടപെട്ടാണ് അക്രമം അവസാനിപ്പിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.തീവ്രനിലപാടുള്ള സംഘടനകളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് മാലദ്വീപ് പ്രസിഡന്റ് ഇബ്രഹിം മുഹമ്മദ് സോലിഹ് അറിയിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. നിരവധി നയതന്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത വേദിയായിരുന്നു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയും മുദ്രാവാക്യം മുഴക്കിയും എത്തിയ പ്രതിഷേധക്കാർ യോഗാ ദിനാചരണം നിർത്തിവെക്കണമെന്നും സദസ്സിലുള്ളവർ ഉടൻ സ്റ്റേഡിയം ഒഴിയണമെന്നും ആവശ്യപ്പെട്ടാണ് ആളുകളെ മർദ്ദിച്ചത്. ഇവർ ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ചു.ഇവിടെ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
















