തിങ്കളാഴ്ചത്തെ നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് ശേഷം ശിവസേനയുടെ 12 എംഎല്‍എമാരെ കാണാനില്ലെന്ന് റിപോർട്ടുകൾ. തിരഞ്ഞെടുപ്പില്‍ ചില ശിവസേന എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തെന്ന ആരോപണങ്ങള്‍ക്കിടയിലാണ് എംഎൽ എ മാരെ കാണാതാകുന്നത് .ശിവസേന നേതാവും മഹാരാഷ്ട്ര നഗരവികസന മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ ഉൾപ്പടെ 12 എംഎല്‍എമാരെയാണ് കാണാതായത് . കാണാതായ ശിവസേന എംഎല്‍എമാര്‍ മഹാരാഷ്ട്രാ മന്ത്രി ഷിന്‍ഡെയ്ക്കൊപ്പം ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സൂറത്തിലെ ഒരു ഹോട്ടലിലുണ്ടെന്നാണ് സൂചന. ഈ ഹോട്ടലിന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ക്രോസ് വോട്ടിംഗ് സംശയിക്കുന്നതിനെ തുടര്‍ന്ന്, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ചൊവ്വാഴ്ച ഉച്ചയ്ക്ക് എല്ലാ പാര്‍ട്ടി എംഎല്‍എമാരുടെയും അടിയന്തര യോഗം വിളിച്ചു. എല്ലാ പാര്‍ട്ടി എംഎല്‍എമാരോടും യോഗത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്.ബിജെപി അഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേനയും നാഷണലിസ്റ്റ് കോണ്‍ഗ്രസും രണ്ട് വീതം സീറ്റുകള്‍ നേടി. മഹാരാഷ്ട്ര നിയമസഭയില്‍ ബി.ജെ.പിക്ക് 106 എം.എല്‍.എമാരുണ്ട്, സ്വതന്ത്ര എം.എല്‍.എമാരും ചെറിയ പാര്‍ട്ടികളും ബിജെപിയ്ക്ക് വോട്ടു നല്‍കിയെന്നാണ് സൂചന. ക്രോസ് വോട്ടിംഗും നടന്നതായി ആരോപണമുണ്ട്.
















