വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് ‘റോക്കട്രി: ദ നമ്പി എഫക്റ്റ്’.ജൂലൈ ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്നടൻ മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധവൻ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ചിത്രം പുറത്തിറങ്ങുക. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനും തമിഴ് പതിപ്പിൽ സൂര്യയും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. ഇവരുടെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ മാധവൻ.
ഷാരുഖ് ഖാനും സൂര്യയും പ്രതിഫലം വാങ്ങാതെയാണ് ഈ സിനിമയിൽ അഭിനയിച്ചതെന്നാണ് മാധവൻ പറഞ്ഞിരിക്കുന്നത്. അഭിനയിച്ചതിനോ കാരവാനിനോ കോസ്റ്റ്യൂമിനോ അസിസ്റ്റന്റുകൾക്കോ ഒന്നും അവർ പണം വാങ്ങിയില്ല. സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് സൂര്യ മുംബൈയിലെ ലൊക്കേഷനിലെത്തിയത്. വിമാന ടിക്കറ്റിനോ തമിഴ് ഡയലോഗ് പരിഭാഷകനോ പോലും പണം വാങ്ങിയില്ലെന്നും മാധവൻ പറഞ്ഞു.
മാധവന്റെ ആദ്യ സംവിധാന സംരംഭമാണ് റോക്കട്രി. മലയാളി വ്യവസായി വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് റോക്കട്രി നിർമിച്ചിരിക്കുന്നത്.
















