ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും പ്രതിപക്ഷ വിമർശനത്തിനും ഇടയിൽ പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില തീരുമാനങ്ങൾ ആദ്യം ശരിയല്ലെന്ന് തോന്നാമെങ്കിലും പിന്നീട് രാജ്യപുരോഗതിക്ക് വഴിയൊരുക്കുമെന്നും ബെംഗളുരുവിൽ നടന്ന പൊതു പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. അഗ്നിപഥ് പദ്ധതിയുടെ പേര് എടുത്ത് പറയാതെയായിരുന്നു മോദിയുടെ പരാമർശം.
”ചില തീരുമാനങ്ങൾ ആദ്യം പലർക്കും അരോചകമായി തോന്നിയേക്കാം. എന്നാൽ കാലങ്ങൾക്ക് ശേഷം ഈ തീരുമാനങ്ങൾ പലതും രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കും. പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കു”മെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എന്നാൽ ‘അഗ്നിപഥി’നെക്കുറിച്ച് നേരിട്ടൊരു പരാമർശം നടത്താൻ അദ്ദേഹം തയ്യാറായില്ല.
നോട്ട് നിരോധനം, കാർഷിക നിയമങ്ങൾ തുടങ്ങി കേന്ദ്രസർക്കാറിന്റെ പുതിയ മണ്ടത്തരമാണ് അഗ്നിപഥ് പദ്ധതിയെന്നായിരുന്നു പ്രതിപക്ഷ വിമർശം. കാർഷിക നിയമങ്ങൾ പിൻവലിച്ചത് പോലെ അഗ്നിപഥും കേന്ദ്രസർക്കാറിന് പിൻവലിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. എന്നാല്‍ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ. അഗ്നിപഥ് വഴി കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങി .
പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസ്സായാവർക്കാണ് സേനയിൽ അഗ്നീവീറുകളായി വിവിധ തസ്തികകളിൽ അവസരം. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാലു വർഷത്തെ സേവനത്തിനു ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകും എന്ന് സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ അഗ്നിവീറുകൾക്ക് വിമുക്ത ഭട പദവിയോ വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, ക്യാന്‍റീൻ സൗകര്യം എന്നിവയോ ഉണ്ടായിരിക്കില്ല.
















