ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പ്രതിപക്ഷത്ത് അനിശ്ചിതത്വം തുടരുന്നു. എന്‍.സി.പി. നേതാവ് ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സജീവമായി സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്മാറി.
വാർത്താക്കുറിപ്പിലൂടെയാണ് മത്സരിക്കാനില്ലെന്ന് ഗോപാൽ കൃഷ്ണ ഗാന്ധി വ്യക്തമാക്കിയത്. ”ചില മുതിർന്ന, ബഹുമാനപ്പെട്ട നേതാക്കൾ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനാകുമോ എന്നന്വേഷിച്ച് എന്നെ സമീപിച്ചിരുന്നു. അവരോട് ഞാൻ കടപ്പാട് രേഖപ്പെടുത്തുന്നു. പക്ഷേ, രാഷ്ട്രപതി സ്ഥാനാർത്ഥി തീർച്ചയായും പ്രതിപക്ഷം ഒത്തൊരുമിച്ച് നിർദേശിക്കേണ്ട ഒരാളായിരിക്കണം. രാജ്യമൊട്ടാകെ ഒരേപോലെ അംഗീകരിക്കുന്ന ഒരു പേരുകാരനാകണം. അത്തരമൊരു പദവി വഹിക്കാൻ എന്നേക്കാൾ മികച്ച ആളുകളുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്”, അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ക്കൊപ്പം തന്നെ രാഷ്ട്രപത്രി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന പേരായിരുന്നു ഗോപാല്‍കൃഷ്ണ ഗാന്ധിയുടേത്. എന്നാല്‍, ദേശീയ തലത്തില്‍ കൂടുതല്‍ സ്വീകാര്യനായ ആളെ കണ്ടെത്തണമെന്ന് അഭ്യര്‍ഥിച്ചാണ് ഇദ്ദേഹത്തിന്റെ പിന്മാറ്റം
മുംബൈയിൽ പ്രതിപക്ഷപാർട്ടികൾ സംയുക്തമായി രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കാൻ ഒരു യോഗം വിളിച്ച് ചേർത്തതിന് മുന്നോടിയായാണ് ഗോപാൽ കൃഷ്ണ ഗാന്ധി വാർത്താക്കുറിപ്പ് പുറത്തിറക്കിയിക്കുന്നത്. ഗോപാൽ കൃഷ്ണ ഗാന്ധിയുടെ പേര് ആദ്യം മുന്നോട്ട് വയ്ക്കുന്നത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. എന്നാൽ ബിജു ജനതാദൾ, ടിആർഎസ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് അദ്ദേഹത്തിന്റെി പേരിനോട് താത്പര്യമില്ലായിരുന്നുവെന്നാണ് സൂചന.
ശരദ് പവാറും മല്ലികാർജ്ജുന ഖർഗെയും ഗോപാൽകൃഷ്ണ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഇപ്പോഴൊന്നും പറയാനില്ലെന്നാണ് ഗോപാൽകൃഷ്ണ ഗാന്ധി ചർച്ചകളുടെ ആദ്യഘട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
അതേസമയം, എൻഡിഎ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള സസ്പെൻസ് തുടരുകയാണ്. യോഗ ദിന ആഘോഷങ്ങൾക്കു ശേഷം ബിജെപി പാർലമെൻററി ബോർഡ് യോഗം ചേർന്ന് തീരുമാനം എടുക്കാനാണ് സാധ്യത.
അടുത്തമാസം 18-നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.
















