മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക് ‘സബാഷ് മിത്തു’വിൻ്റെ ട്രെയിലർ പുറത്തുവന്നു. ജൂലായ് 15ന് ചിത്രം തീയറ്ററുകളിലെത്തും. തപ്സി പന്നു മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ മിതാലി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്.
16ആം വയസിൽ ഇന്ത്യൻ ടീമിൽ വന്ന് രണ്ടര പതിറ്റാണ്ടോളം വനിതാ ക്രിക്കറ്റിൻ്റെ തലപ്പത്ത് തന്നെ ഉണ്ടായിരുന്ന മിതാലിയുടെ ബാല്യകാലം മുതൽ ചിത്രത്തിൽ അവതരിപ്പിക്കുന്നു. വയാകോം 18 സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം ശ്രീജിത് മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെൻ ആണ് ചിത്രത്തിനു തിരക്കഥ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.
ഈ മാസം എട്ടിനാണ് മിതാലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളിൽ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്.
















