അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിൽ എടുത്ത ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എ.റഹീം എം.പി. 10 മണിക്കൂർ കസ്റ്റഡിയിൽ വച്ചശേഷം പ്രതിയല്ലെന്ന് അറിയിച്ച് ഇന്ന് പുലർച്ചെയാണ് റഹീമിനെ ഡൽഹി പൊലീസ് വിട്ടയച്ചത്.എംപിയാണെന്ന പരിഗണന പോലും ഇല്ലാതെയാണ് പ്രതിഷേധിച്ച തനിക്കെതിരെ പൊലീസ് നടപടിയെടുത്തതെന്ന് എ എ റഹീം ആരോപിച്ചിരുന്നു. റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സിപിഐഎം എം.പിമാർ രാജ്യസഭാ അധ്യക്ഷന് പരാതി നൽകിയിരുന്നു.
‘രാത്രിയിൽ വൈദ്യപരിശോധന വരെ പൂർത്തിയാക്കിയ ശേഷമാണ് പ്രതിയല്ലെന്ന് പൊലീസ് പറയുന്നത്. അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴും നേതാക്കൾ കസ്റ്റഡിയിലാണ്. വരും മണിക്കൂറുകളിൽ മറ്റ് എൽഡിഎഫ് നേതാക്കളുമായി കൂടികാഴ്ച നടത്തി കൂടുതൽ പ്രതിഷേധങ്ങൾ നടത്തും. കേന്ദ്രസർക്കാർ സമൂഹത്തെ സൈന്യവത്‌കരിക്കുന്നു, സൈന്യത്തെ കരാർവത്കരിക്കുന്നു. അധികം വൈകാതെ പ്രൈവറ്റ് ആർമികളുള്ള രാജ്യമായി ഇന്ത്യയെ മാറ്റുന്നു. അംബാനി റജിമെന്റൊക്കെ അധികം വൈകാതെ അതിർത്തിയിൽ കാണേണ്ടിവരും’എന്ന് എ.എം.റഹീം എം.പി പറഞ്ഞു.എംപിയേയും വനിതാ പ്രവർത്തകരേയും മർദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം എംപിമാർ ആവശ്യപ്പെട്ടിരുന്നു.
















