മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 16-ല്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നു കോടതി വിധി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം ശരിവച്ചു. മുസ്ലീം ശരിയത്ത് നിയമം ചൂണ്ടിക്കാട്ടിയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.16 വയസ്സിന് മുകളിലുള്ള മുസ്ലീം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ആളുമായി വിവാഹ കരാറില്‍ ഏര്‍പ്പെടാന്‍ യോഗ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറയുന്നത് 16-ഉം 21-ഉം വയസ്സുള്ള മുസ്ലീം ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
21 വയസ്സുള്ള പുരുഷനും 16 വയസ്സുള്ള പെണ്‍കുട്ടിയും വിവാഹത്തിനു ശേഷം സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ‘ഹരജിക്കാര്‍ അവരുടെ കുടുംബാംഗങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹിതരായതിനാല്‍, ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അവരുടെ മൗലികാവകാശങ്ങള്‍ നഷ്ടപ്പെടുത്താന്‍ കഴിയില്ല,’ ബെഞ്ച് പറഞ്ഞു.
‘ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം നിയന്ത്രിക്കുന്നത് മുസ്ലീം വ്യക്തിനിയമമാണെന്ന് നിയമം വ്യക്തമാണ്. സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ’ എന്ന പുസ്തകത്തിലെ ആര്‍ട്ടിക്കിള്‍ 195 പ്രകാരം, 16 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ഒരാളുമായി വിവാഹ കരാറില്‍ ഏര്‍പ്പെടാന്‍ യോഗ്യതയുണ്ട്. ഹരജിക്കാരന്‍ നമ്പര്‍ 1 (ആണ്‍കുട്ടി) 21 വയസ്സിന് മുകളിലാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. അതിനാല്‍, രണ്ട് ഹര്‍ജിക്കാരും മുസ്ലീം വ്യക്തിനിയമം വിഭാവനം ചെയ്യുന്ന വിവാഹപ്രായത്തിലാണ്’എന്ന് ജസ്റ്റിസ് ബേദി പറഞ്ഞു.
















