തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകള്‍ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. കലക്ടറേറ്റിലെ മുൻ ജീവനക്കാരൻ ശ്രീകണ്ഠൻ നായരാണ് അറസ്റ്റിലായത്. ലോക്കറിന്റെ ചുമതലയുള്ള സീനിയർ സൂപ്രണ്ടായിരുന്നു ശ്രീകണ്ഠൻ നായർ. ഇയാള്‍ തന്നെയാണ് തട്ടിപ്പ് നടത്തിയതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സബ് കലക്ടര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പേരൂര്‍ക്കട എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തത്.
110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 74000 രൂപയുമാണ് ആർ.ഡി.ഒ. കോടതിയിൽനിന്ന് മോഷണം പോയത്. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണത്തിന് ഒടുവിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.