ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ വ്യാപിക്കുന്നതിനിടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിംവദന്തികള്‍ പ്രചരിപ്പിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത പത്ത് പേരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.
അഗ്നിപഥുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായി നടക്കുന്ന ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ സംഘടിക്കുന്നതിന് വാട്‌സാപ്പിലൂടെയുള്ള പ്രചാരണങ്ങള്‍ കാരണമായിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പ്രചരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച വസ്തുതകള്‍ ഉറപ്പാക്കുന്നതിന് 8799711259 എന്ന വാട്‌സ്ആപ്പ് നമ്പറും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
അഗ്നിപഥിനെതിരെ പ്രതിഷേധിച്ച 35 പേർ യു.പിയിലെ അലിഗഢിൽ അറസ്റ്റിലായിരുന്നു. ഇവരിൽ ഒമ്പത് കോച്ചിങ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുമുണ്ടെന്നാണ് വിവരം. രാജ്യമെങ്ങും അഗ്നിപഥിനെതിരെ ഉദ്യോഗാർഥികളുടെ പ്രതിഷേധം നടക്കവേ പദ്ധതിപ്രകാരമുള്ള റിക്രൂട്ട്‌മെന്റ് തിയതികൾ സേനകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ പ്രതിരോധ മന്ത്രാലയം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കരസേന, നാവിക സേന, വ്യോമസേന എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിവരങ്ങൾ അറിയിച്ചത്.
കരസേനാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കുമെന്നും പരിശീലനം രണ്ട് ഘട്ടമായി നടക്കുമെന്നും അധികൃതർ അറിയിച്ചു. ആദ്യ ഘട്ട പരിശീലനം ഡിസംബർ ആദ്യത്തിലും രണ്ടാംഘട്ടം ജനുവരി 23നും നടക്കുമെന്നും പറഞ്ഞു. കരസേനയിൽ റിക്രൂട്ട്‌മെന്റ് ഓഗസ്റ്റ് പകുതിക്ക് ശേഷം നടക്കുമെന്നും അതിന്റെ രജിസ്‌ട്രേഷൻ ജൂൺ 24 മുതൽ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. ഓൺലൈൻ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും ആദ്യത്തെ ബാച്ചിന്റെ പ്രവേശനം ഡിസംബറിൽ നടക്കുമെന്നും വ്യക്തമാക്കി. പരിശീലനം ഡിസംബർ 30 നകം ആരംഭിക്കുമെന്നും പറഞ്ഞു.
അഗ്‌നിപഥ് നടപടികൾ ജൂൺ 24 ന് ആരംഭിക്കുമെന്നും ആദ്യ ഘട്ട ഓൺലൈൻ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും എയർഫോഴ്‌സ് വക്താവ് അറിയിച്ചു. ആദ്യബാച്ചിന്റെ ട്രെയ്‌നിങ് ഡിസംബർ 30 ന് തുടങ്ങുമെന്നും അഗ്‌നിവീറായി വനിതകൾക്ക് അവസരം നൽകുമെന്നും പറഞ്ഞു. നാവികസേനയും അഗ്‌നിപഥ് നടപടികളിലേക്ക് നീങ്ങുകയാണ്. ഈ മാസം 25ന് റിക്രൂട്ട്‌മെന്റ് പരസ്യം പ്രസിദ്ധീകരിക്കും. നാവികസേനയിലേക്കുള്ള ഓൺലൈൻ പരീക്ഷ ഒരുമാസത്തിനകം നടക്കും. നവംബർ 21ന് ആദ്യ ബാച്ച് പരിശീലനം തുടങ്ങും അധികൃതർ അറിയിച്ചു.
















