ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ബിജെപി ഓഫീസില്‍ സെക്യൂരിറ്റി ജോലിക്ക് മുന്‍ഗണ നല്‍കുമെന്ന് വിജയവര്‍ഗിയ പറഞ്ഞു.
സൈനിക പരിശീലനം നേടി നാലുവര്‍ഷത്തിന് ശേഷം അഗ്നിവീരന്മാര്‍ സര്‍വീസില്‍നിന്ന് പിരിയുമ്പോള്‍ അവര്‍ക്ക് 11 ലക്ഷം രൂപയും അഗ്നിവീര്‍ പദവിയും ലഭിക്കും. ബിജെപി ഓഫീസിന്‍റെ സുരക്ഷയ്ക്കായി കൂലിക്ക് ആളെ എടുക്കണമെങ്കില്‍ അഗ്നിവീരന് മുന്‍ഗണന നല്‍കും- വിജയവര്‍ഗിയ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, അഗ്‌നിവീറുകൾ നാലു വർഷത്തെ സേവനത്തിനുശേഷം എന്തു ചെയ്യുമെന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അവരെ ബിജെപി ഓഫിസുകളിൽ സുരക്ഷാ ജോലിക്ക് നിയോഗിക്കുന്നതിനു മുൻഗണന നൽകുമെന്ന് കൈലാഷ് വിജയ് വർഗിയ വ്യക്തമാക്കിയത്.
“അഗ്നിവീർ 21-ാം വയസ്സിൽ സേനയിൽ ചേരുന്നു എന്ന് കരുതുക. സേനയിൽ നിന്ന് പുറത്തുവരുമ്പോൾ അയാൾക്ക് 25 വയസ് തികയും. അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ 11 ലക്ഷം രൂപയും ഉണ്ടാകും. ഒപ്പം നെഞ്ചിൽ അഭിമാനത്തിന്റെ ‘അഗ്നിവീർ’ മെഡലും. ഇവിടെയുള്ള ബിജെപി ഓഫിസിന്റെ സുരക്ഷയ്ക്കായി ആരെയെങ്കിലും നിയമിക്കേണ്ടിവന്നാൽ, ഞാൻ മുൻഗണന നൽകുക അഗ്നിവീറിനായിരിക്കും.”– അദ്ദേഹം പറഞ്ഞു.
കൈലാഷ് വിജയവാർഗിയയ്ക്കു പിന്നാലെ അഗ്‌നിപഥുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ച് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. പദ്ധതിയുടെ ഭാഗമായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ഡ്രൈവിങ്, ഇലക്ട്രീഷ്യൻ, ബാർബർ പരിശീലനം നൽകുമെന്ന് റെഡ്ഡി അവകാശപ്പെട്ടു.
അഗ്‌നിവീറുമാർക്ക് ഡ്രൈവിങ്, ബാർബർ, ക്ലീനിങ്, ഇലക്ട്രീഷ്യൻ തുടങ്ങിയ പരിശീലനങ്ങളും നൽകും. നാലു വർഷത്തെ സേവനത്തിനുശേഷം ഈ തസ്തികകളിലേക്ക് അഗ്‌നിവീറുകളെ ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി ജി. കിഷൻ റെഡ്ഡി വിശദീകരിച്ചു.
















