ന്യൂഡല്‍ഹി: എഎ റഹീമിനെതിരായ പൊലീസ് നടപടിയിൽ സിപിഐ എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ല. ഡൽഹി പൊലീസിന്റേത് ഹീനമായ നടപടിയാണ്. അകാരണമായി കസ്റ്റഡയിലെടുത്തു. റിമാൻഡ് ചെയ്യാനുള്ള നീക്കം നടക്കുന്നു. എംപിമാരെയും വനിതാ പ്രവർത്തരെയും മർദിച്ച പൊലീസിനെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഡല്‍ഹിയിൽ അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ജന്ധർമന്ദിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. എ എ റഹീം എംപി അടക്കമുള്ള പ്രവർത്തകരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി. വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ വലിയ സുരക്ഷാ വിന്യാസമാണ് സ്ഥലത്തുള്ളത്.
റഹീം പാർലമെന്റ് അംഗമാണെന്നറിയിച്ചിട്ടും പൊലീസ് സംഘം നിലത്തിട്ട് വലിച്ചിഴച്ചു. എല്ലാവരെയും അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെ ദ്വാരക സെക്ടർ 23 പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒരു മണിക്കൂറോളം ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലൂടെ ബസിൽ സഞ്ചരിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. മലയാളി മാധ്യമപ്രവർത്തകർക്ക് നേരയും കയ്യേറ്റ ശ്രമുണ്ടായി.
















