പട്ന: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ബിഹാറിൽ ബി.ജെ.പി നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചു. ബിഹാർ ഉപമുഖ്യമന്ത്രിയും എംഎൽഎമാരുമടക്കം 10 ബിജെപി നേതാക്കൾക്ക് സിആർപിഎഫിന്‍റെ വൈ കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സുരക്ഷാ ചുമതല ഏറ്റെടുത്തതായി സിആർപിഎഫ് അറിയിച്ചു.
പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബിഹാറിൽ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ജയ്‌സ്വാളിന്റെയും ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും വീടുകൾ പ്രതിഷേധക്കാർ തകർത്തിരുന്നു.
ബഗാഹയിലും മറ്റും പ്രതിഷേധക്കാർ ബിജെപി ഓഫീസുകൾ തകർത്തിരുന്നു. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കഴിഞ്ഞ മൂന്ന് ദിവസമായി ഉത്തരേന്ത്യയിൽ അക്രമാസക്തമായി നിൽക്കുകയാണ്. യുവാക്കൾ തെരുവിലിറങ്ങി വ്യാപക അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ട്രെയിന് തീവെക്കുകയും ചെയ്തു.
















