പാട്ന: അഗ്നിപഥ് പദ്ധതിക്കെതിരെ നാലാം ദിനത്തിലും ബീഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തം. റെയിൽവെ സ്റ്റേഷനിലുണ്ടായ വെടിവെപ്പിനെ തുടർന്ന് ബിഹാറിൽ നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി വെച്ചു.
ബിഹാറിലെ 15 ജില്ലകളില്‍ നാലാം ദിവസവും അഗ്നിപഥിനെതിരായ പ്രതിഷേധം ശക്തമായിരുന്നു. വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദിനെ ആർ.ജെ.ഡി പിന്തുണച്ചതോടെ ബിഹാറിലെ ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണമായി. പാട്നയിൽ വിലക്ക് മറികടന്ന് ഡാക്ക് ബംഗ്ലാവിൽ പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ജെനാദാബാദിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി ബസുകൾ അടക്കം കത്തിച്ചു. ഇതിനിടെ ബിഹാറിൽ ഇൻ്റർനെറ്റ് നിയന്ത്രണം ആറ് ജില്ലകളിൽ കൂടി നീട്ടി. തൊഴിൽ തേടിയുള്ള യുവാക്കളുടെ സമരത്തെ പിന്തുണയ്ക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ കടമയാണെന്ന് ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചെന്നൈയിലും പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. രാവിലെ മറീന ബീച്ചിന് സമീപമുള്ള യുദ്ധസമാരകത്തിന് മുമ്പിലായിരുന്നു നൂറിലധികം യുവാക്കൾ പ്രതിഷേധവുമായി എത്തിയത്. സൈനിക ജോലികൾക്കായി പരിശീലനം നടത്തുന്നവരാണ് പ്രതിഷേധിച്ചത്. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്ത് പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരായിരുന്നു പ്രതിഷേധക്കാരിൽ ഏറെപ്പേരും. ബാനറുകൾഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. പൊലീസുമായി നടന്ന ചർച്ചയെ തുടർന്ന് പ്രതിഷേധക്കാർ പിന്നീട് പിരിഞ്ഞുപോയി. കാഞ്ചീപുരം, കോയമ്പത്തൂർ, തിരുവണ്ണാമലൈ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നു. മറ്റ് സംസ്ഥാനങ്ങളിലെ സംഘർഷവും അക്രമസംഭവങ്ങളും കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് ഉത്തരേന്ത്യക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.
രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോള്‍ പദ്ധതി സേനയ്ക്കും ദേശ സുരക്ഷയ്ക്കും തിരിച്ചടിയാകുമോയെന്ന് പരിശോധിക്കാന്‍ റിട്ട സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്ന ആവശ്യം ഡല്‍ഹി സ്വദേശിയായ അഭിഭാഷകനാണ് സുപ്രീംകോടതിക്ക് മുന്‍പില്‍ വച്ചിരിക്കുന്നത്. അതേസമയം പ്രതിഷേധം ശക്തമാകുമ്പോള്‍ ബിജെപിക്കുള്ളിലും അസ്വസ്ഥതയുണ്ട്.
















