ന്യൂഡൽഹി: കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. പദ്ധതി പിൻവലിക്കണമെന്നും സൈനിക ജോലി ആഗ്രഹിക്കുന്നവർക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു. കോവിഡാനന്തര രോഗങ്ങൾ നിലവിൽ സോണിയാ ഗാന്ധി ആശുപത്രിയിൽ കഴിയുകയാണ്. പ്രസ്താവനയിൽ കൂടിയാണ് സമരക്കാർക്ക് പിന്തുണയുമായി നൽകിയത്.
പുതിയ സൈനിക നിയമന പദ്ധതി ദിശയില്ലാത്ത ഒന്നാണ്. തീർത്തും, സർക്കാർ പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേൾക്കുന്നില്ല എന്ന കാര്യത്തിൽ നിസ്സഹായത തോന്നുന്നുവെന്നും സൈനിക ജോലി ആഗ്രഹിക്കുന്നവരുടെ താൽപര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാതെയാണ് ഇത്തരത്തിൽ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ സോണിയാ ഗാന്ധി വ്യക്തമാക്കി.
അക്രമങ്ങളില്ലാതെ സമാധാനപരമായി ശബ്ദമുയർത്താം എന്നും സോണിയാ ഗാന്ധി പ്രസ്ഥാവനയിൽ വ്യക്തമാക്കി.
നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളിൽ പത്ത് ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ച്. അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസിന്‍റെ റിപ്പോര്‍ട്ട്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്താണ് പ്രതിഷേധം നടന്നത്.
സൈന്യത്തില്‍ ജോലി ലഭിച്ചേക്കില്ലെന്ന പ്രചാരണത്തെ തുടര്‍ന്ന് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചത്. നൂറിലധികം പൊലീസുകാരുണ്ടായിരുന്നെങ്കിലും ആയിരത്തോളം പ്രതിഷേധക്കാര്‍ ഏഴ് ഗെയ്റ്റുകളിലൂടെ പാഞ്ഞ് എത്തിയതിനാല്‍ രണ്ട് മണിക്കൂര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് റെയില്‍വേ പൊലീസിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. മൂന്ന് ട്രെയിനുകള്‍ കത്തി നശിച്ചതടക്കം 20 കോടിയുടെ നാശനഷ്ടമുണ്ടായി.
















