രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രതിപക്ഷം പരിഗണിച്ചിരുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള മത്സരിക്കാനില്ലെന്ന് അറിയിച്ചു. ജമ്മു കശ്മീർ മോശം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ തന്റെ സാന്നിധ്യം അവിടെ ആവശ്യമാണ്. തന്റെ പേര് മുന്നോട്ടുവെച്ച മമതാ ബാനർജിക്കും മുതിർന്ന നേതാക്കൾക്കും നന്ദിയെന്നും ഫറൂഖ് അബ്ദുള്ള അറിയിച്ചു.
പ്രതിപക്ഷം എൻസിപി നേതാവ് ശരത് പവാറിനെ പരിഗണിച്ചിരുന്നെങ്കിലും നേരത്തെ മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. സമവായ സ്ഥാനാർത്ഥി എന്നതിൽ ബിജെപിയിൽ നിന്ന് അനുകൂല നീക്കം ഇല്ലാതിരുന്നതും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പവാറിന്റെ പിന്മാറ്റം. പകരം ഗുലാം നബി ആസാദിന്റെ പേര് അദ്ദേഹം നിർദേശിച്ചിരുന്നു. ശരത് പവാറിന്റെ പിന്മാറ്റത്തോടെ, സജീവ പരിഗണനയിൽ ഉണ്ടായിരുന്നത് ഫറൂഖ് അബ്ദുള്ളയുടെയും ഗോപാൽകൃഷ്ണ ഗാന്ധിയുടെയും യശ്വന്ത് സിൻഹയുടെയും പേരുകളായിരുന്നു. ഫറൂഖ് അബ്ദുള്ള കൂടി പിൻവാങ്ങിയതോടെ ഗോപാൽകൃഷ്ണ ഗാന്ധി, യശ്വന്ത് സിൻഹ, ഗുലാം നബി ആസാദ് എന്നിവരിലേക്കാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
















