അഗ്നിപഥ് പദ്ധതിയിക്കെതിരായ സമരത്തിൽ പങ്കെടുക്കുന്ന പ്രതിരോധ ഉദ്യോഗാർത്ഥികൾ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് എയർ ചീഫ് മാർഷൽ വി.ആർ ചൗധരി. പദ്ധതിയ്‌ക്കെതിരെ യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോൾ ഇത്രയും അക്രമാസക്തമായ തിരിച്ചടി താൻ പ്രതീക്ഷിച്ചില്ലെന്നും അക്രമത്തെ അപലപിക്കുന്നതായും അഗ്നിപഥിന്റെ അവസാന ഘട്ടം പോലീസ് വേരിഫിക്കേഷനാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് വേരിഫിക്കേഷൻ സമയത്ത് ആരെങ്കിലും സമരത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് വ്യക്തമായാൽ അവർക്ക് ക്ലിയറൻസ് ലഭിക്കില്ല. പദ്ധതിയ്‌ക്കെതിരെ ആശങ്കയുള്ളവർക്ക് അടുത്തുള്ള സൈനിക സ്റ്റേഷനുകളുമായോ വ്യോമനേയുടേയോ നാവിക സേനയുടേയോ ഓഫീസുമായി ബന്ധപ്പെടാം. അഗ്നിപഥ് സ്‌കീമിനെ പൂർണ്ണമായും മനസിലാക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നാലുവർഷത്തെ കാലാവധിക്കുശേഷം പിരിച്ചുവിടപ്പെടുന്നവർ രാജ്യത്തെ സേവിക്കുക മാത്രമല്ല ചെയ്യുന്നത്. അവരുടെ സ്വഭാവ സവിശേഷതയിലും മാറ്റമുണ്ടാകുമെന്ന് വി.ആർ ചൗധരി വ്യക്തമാക്കി.
യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാനും ഭയം അകറ്റാനും സർക്കാരും പ്രതിരോധ സംവിധാനവും പരമാവധി ശ്രമിക്കുന്നുണ്ട്. പദ്ധതി ഒരിക്കലും പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിപഥ് നടപ്പിലാക്കിയ ശേഷം മാറ്റങ്ങൾ ആവശ്യമാണോ എന്നകാര്യങ്ങളിൽ തീരുമാനമെടുക്കും. പദ്ധതിയ്ക്ക് കീഴിലുള്ള എയർഫോഴ്‌സിന്റെ റിക്രൂട്ട്‌മെന്റ് 24 മുതൽ ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
















