കോഴിക്കോട്: ഡോക്ടറുടെ ഒപി സമയം ചോദിച്ചതിന് നിഷേധാത്മകമായ രീതിയില്‍ മറുപടി നൽകിയ താത്കാലിക ജീവനക്കാരിക്കെതിരെ നടപടി. കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയെയാണ് മാറ്റിയത്. ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് ജീവനക്കാരിയെ പുറത്താക്കിയത്.
കഴിഞ്ഞ ദിവസം എല്ലിന്റെ ഡോക്ടറുണ്ടോ എന്ന് ചോദിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയ്ക്ക് ഡോക്ടര്‍ അവധി അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും എന്നായിരുന്നു ആശുപത്രി ജീവനക്കാരി നല്‍കിയ മറുപടി. ഏത് ദിവസം ഉണ്ടാകും എന്ന് ചോദ്യം ആവര്‍ത്തിച്ചപ്പോളും ഇതേ മറുപടി നല്‍കി.
സോഷ്യൽ മീഡിയയിലൂടെ ജീവനക്കാരിയുടെ ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ സംഭവം വിവാദമായിയിരുന്നു. ഇതിനെത്തുടര്‍ന്ന് സംഭവത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി. ഇന്ന് ചേർന്ന ആശുപത്രി മാനേജ്‌മെന്‍റ് യോഗമാണ് ജീവനക്കാരിക്കെതിരെ നടപടിയെടുത്തത്. കരാർ അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
അതേസമയം, ഡോക്ടറെ അന്വേഷിച്ച് വിളിച്ച സ്ത്രീ അതിന് മുമ്പ് രണ്ട് തവണ ഇതേ കാര്യം ചോദിച്ച് വിളിച്ചിരുന്നെന്നും ആ സമയത്ത് കൃത്യമായി മറുപടി നല്‍കിയിരുന്നെന്നുമാണ് ജീവനക്കാരിയുടെ വിശദീകരണം. വീണ്ടും വിളിച്ചപ്പോളാണ് ഈ രീതിയില്‍ പ്രതികരിക്കേണ്ടി വന്നതെന്നും ജീവനക്കാരി വിശദീകരിച്ചു.
















