കണ്ണൂര്‍: പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സിപിഎമ്മില്‍ കൂട്ടനടപടി. ടി.ഐ.മധുസൂദനന് എംഎല്‍എയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തി. രണ്ട് ഏരിയ കമ്മറ്റി അംഗങ്ങൾക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. കെകെ ഗംഗാധരൻ, ടി വിശ്വനാഥൻ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്.
നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെയും ചുമതലയിൽ നിന്നും മാറ്റി. സംസ്ഥാന കമ്മറ്റി അംഗം ടിവി രാജേഷിന് പകരം ചുമതല നൽകി. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടിയുണ്ടായത്. എന്നാൽ നടപടി വന്നതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണൻ അറിയിച്ചു. എംവി ജയരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയിലെ തീരുമാനമുണ്ടായത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫിസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയര്‍ന്ന ആരോപണം. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയില്‍ ഏരിയാ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സിപിഐഎം സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, പി.വി.ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
















