ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ആഭ്യന്തര സമിതി അന്വേഷിക്കും. എയർ ലൈൻ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും.
ഇൻഡിഗോ വിമാനത്തിൽ ഇന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി പൊലീസ് മഹസ്സർ തയ്യാറാക്കുകയാണ്. അനിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. കേസിലെ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും.
വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ കേന്ദ്രവും ഇടപെടുകയാണ്. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനര്‍ ഇ. പി ജയരാജൻ മർദ്ദിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി നടത്തിയ ട്വിറ്റർ പോസ്റ്റിനാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുടെ മറുപടി.
‘മുദ്രാവാക്യം വിളിച്ച രണ്ട് യാത്രക്കാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൈയേറ്റം ചെയ്യുന്നതും തള്ളിയിടുന്നതും ഈ വീഡിയോയില്‍ വ്യക്തമായി കാണാം. എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്,പുതിയ ഇന്ത്യയില്‍ നീതി സെലക്ടീവാണോ?’ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ട്വീറ്റ് ചെയ്തു. സിന്ധ്യ, ഇന്‍ഡിഗോ, ഡിജിസിഎ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹൈബിയുടെ ട്വീറ്റ്. ഇതിന് മറുപടിയായി ‘ഞങ്ങളിത് പരിശോധിക്കുകയും ഉടന്‍ നടപടിയെടുക്കയും ചെയ്യുമെന്ന് സിന്ധ്യ ഇതിന് മറുപടി നല്‍കി. അറസ്റ്റ് ജയരാജന്‍ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ഹൈബി പരാതി ഉന്നയിച്ചത്.
ഇതിനിടെ വിമാനത്തിലെ പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാന്‍ ഇന്‍ഡിഗോ ആഭ്യന്തര സമിതി രൂപീകരിച്ചു. റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും. സംഭവത്തില്‍ ഇന്‍ഡിഗോ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരാതി നല്‍കിയിരുന്നു.
















