ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ വെച്ച് നടത്തിയ പ്രതിഷേധത്തിലും ഇ.പി.ജയരാജന്‍ പ്രവര്‍ത്തകരെ തള്ളിമാറ്റിയതിലും ഇടപെടലുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇ.പി.ജയരാജന്‍ രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ ഹൈബി ഈഡന്‍ ഉന്നയിച്ച പരാതിയില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി.
സംഭവത്തിന്റെ വീഡിയോ അടക്കമായിരുന്നു ഹൈബിയുടെ ട്വീറ്റ്. ഇ.പി ജയരാജൻ മുദ്രാവാക്യം വിളിച്ച രണ്ടു യാത്രികരെ തള്ളുന്നതായി വ്യക്തമായി കാണമെന്നും അദ്ദേഹം കുറിച്ചു. ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടില്ലെന്നും പുതിയ ഇന്ത്യയിൽ നീതി സെലക്ടീവായാണോ നൽകപ്പെടുകയെന്നും ഹൈബി ഈഡൻ ചോദിച്ചു.
We’re looking into this & will take action soon. https://t.co/5bpKnMDLYw
— Jyotiraditya M. Scindia (@JM_Scindia) June 16, 2022
സിന്ധ്യ, ഇന്‍ഡിഗോ, ഡിജിസിഎ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹൈബിയുടെ ട്വീറ്റ്. ഇതിന് മറുപടിയായി ‘ഞങ്ങളിത് പരിശോധിക്കുകയും ഉടന്‍ നടപടിയെടുക്കയും ചെയ്യുമെന്ന് സിന്ധ്യ ഇതിന് മറുപടി നല്‍കി. അറസ്റ്റ് ജയരാജന്‍ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ഹൈബി പരാതി ഉന്നയിച്ചത്.
ഇതിനിടെ വിമാനത്തിലെ പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാന്‍ ഇന്‍ഡിഗോ ആഭ്യന്തര സമിതി രൂപീകരിച്ചു. റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും.
വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യ ഹരജി തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരിക്കുകയാണ്. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ ഹരജിയാണ് തള്ളിയത്. ഇതോടെ 26ാം തിയ്യതി വരെ ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി തുടരും. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
















