ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കൂടെ നില്‍ക്കണമെന്ന് കാണിച്ചാണ് രാഹുല്‍ കത്തയച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.
തുടർച്ചയായ മൂന്നു ദിവസം ചോദ്യം ചെയ്ത ഇഡി വ്യാഴാഴ്ച രാഹുലിന് അവധി നൽകിയിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മ സോണിയാ ഗാന്ധിക്കൊപ്പം കഴിയണമെന്ന അഭ്യർഥന മാനിച്ചാണ് ചോദ്യം ചെയ്യൽ വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമാണെന്നാണ് റിപ്പോർട്ട്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയേയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാട് കേസില്‍ ഇരുവര്‍ക്കുമുള്ള പങ്കാണ് ഇ.ഡി അന്വേഷിക്കുന്നത്.
അതേസമയം രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതിലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. ഇ ഡിയുടെ ചോദ്യം ചെയ്യൽ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. കേന്ദ്രസര്‍ക്കാർ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് നിര്‍ത്താനാണ് എ ഐ സി സി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിൽ ധാരണയായത്. രാഹുലിന്‍റെ അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കും. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുലിന്‍റെ നിര്‍ദ്ദേശവും രാഷ്ചടീയമായി നേരിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. ഞായറാഴ്ച മുഴുവന്‍ എം പിമാരും ദില്ലിയിലെത്തണമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണം. പൊതു പ്രതിഷേധത്തില്‍ പങ്കെടുക്കാനനുവദിക്കാത്ത ദില്ലി പൊലീസ് നടപടി കൂടി കണക്കിലെടുത്താണ് പ്രതിരോധം കടുപ്പിക്കാനുള്ള തീരുമാനം.
















