തിരുവനന്തപുരം: ലോക കേരളസഭയുടെ മൂന്നാംസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനില്‍ക്കുന്നു. അനാരോഗ്യത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്നാണ് വിവരം.
വൈകീട്ട് അഞ്ചിന് നിശാഗന്ധിയില്‍ ആരംഭിച്ച പൊതുസമ്മേളനവും സാംസ്‌കാരികപരിപാടികളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ എം.ബി.രാജേഷാണ് അധ്യക്ഷത വഹിച്ചത്. 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 351 പ്രതിനിധികളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്.
17,18 തീയതികളില്‍ നിയമസഭാ മന്ദിരത്തിലാണ് ലോക കേരളാ സഭയുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകള്‍.
അതേസമയം ലോക കേരള സഭയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. യുഡിഎഫ് അനൂകൂല സംഘടനകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളെ സമ്മേളനത്തിൽ നിന്ന് വിലക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. തുടര്‍ സമരപരിപാടികൾ തീരുമാനിക്കാൻ യുഡിഎഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നിരുന്നു. മൂന്ന് മണിക്ക് കൺഡോണമെന്റ് ഹൗസിലായിരുന്നു യോഗം.
















