തിരുവനന്തപുരം വിമാനത്താവളത്തിലെ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് . രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പേര് റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തത് സമ്മർദങ്ങൾക്കു വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇൻഡിഗോ സൗത്ത് ഇന്ത്യ മേധാവി വരുൺ ദ്വിവേദിയെ ഫോണിലൂടെ അറിയിച്ചു.
ഇക്കാര്യം വ്യക്തമാക്കി ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് അദ്ദേഹം കത്തുനൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോഴാണെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് പാഞ്ഞടുത്തുവെന്ന് കത്തിൽ വിശദീകരിക്കുന്നു.
സീറ്റ് ബൽറ്റ് ഊരാനുള്ള നിർദേശം വന്നപ്പോൾ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നെന്നും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആൾ തടഞ്ഞെന്നുമാണു വിമാനക്കമ്പനി മാനേജരുടെ റിപ്പോർട്ടിലുള്ളത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞതും സി.പി.ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതും മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം പ്രതിഷേധം നടന്നുവെന്നാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നല്‍കിയത്.
















