തൊഴില്‍ സുരക്ഷയും പെന്‍ഷനും സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ച് സൈനിക ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം.ബിഹാറിലും രാജസ്ഥാനിലും പ്രതിഷേധം നടക്കുന്നത്. സൈനികരെ നാല് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ കരസേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയായ അഗ്‌നിപഥ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിസിച്ചിരുന്നു.ഈ പ്രഖ്യാപനത്തിനു ദിവസങ്ങള്‍ക്ക് ശേഷമാണ് സൈനിക ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം.ബിഹാറിലെ ആറ റെയില്‍വേ സ്റ്റേഷനില്‍ പ്രക്ഷോഭകാരികളായ ഉദ്യോഗാര്‍ത്ഥികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയാണ്.
ബിഹാറിലെ റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തുന്നതിനിടെ ട്രെയിനിനു തീയിട്ടു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.ബിഹാറിലെ നവാഡയില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ചു പ്രതിഷേധിച്ചു. ജഹനാബാദില്‍ പ്രതിഷേധക്കാര്‍ ഗതാഗതം സ്തംഭിപ്പിച്ചു . പലയിടത്തും അക്രമാസക്തമാണ് പ്രതിഷേധം.
പുതിയ സ്‌കീം വഴി റിക്രൂട്ട് ചെയ്യപ്പെടുന്ന സൈനികരില്‍ 25 ശതമാനം പേര്‍ക്ക് മാത്രമേ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കാനാകൂ. ശേഷിക്കുന്നവര്‍ക്ക് നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വിരമിക്കേണ്ടി വരും. നാല് വര്‍ഷത്തെ സേനയിലെ സേവനത്തിനു ശേഷം തങ്ങളുടെ ഭാവി ജീവിതം എങ്ങനെയാകുമെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. അഗ്‌നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട യുവാക്കള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങളില്ലാത്തതും തിരിച്ചടിയാണ്.
ബക്സര്‍ ജില്ലയില്‍, 100-ലധികം ചെറുപ്പക്കാര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും ട്രാക്കുകളില്‍ ഇറങ്ങി നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ, പട്നയിലേക്ക് പോകേണ്ടിയിരുന്ന ജനശതാബ്ദി എക്സ്പ്രസിന്റെ യാത്ര ഏകദേശം 30 മിനിറ്റോളം വൈകി. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. റെയില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പീന്നീട് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. ജവാന്മാരുടെ റിക്രൂട്ട്മെന്റ് നടക്കാറുള്ള മുസാഫര്‍പൂര്‍ പട്ടണത്തിലെ ചക്കര്‍ മൈതാനത്തിനു ചുറ്റുമുള്ള റോഡുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിച്ചു.
ജയ്പൂരിലും കേന്ദ്രത്തിന്റെ ‘അഗ്‌നിപഥ്’ പദ്ധതിയില്‍ പ്രതിഷേധിച്ച് 150 ഓളം പേര്‍ ബുധനാഴ്ച അജ്മീര്‍-ഡല്‍ഹി ഹൈവേ ഉപരോധിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍, 10 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി.
















