ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി സമവായ ശ്രമങ്ങളുമായി ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായിട്ടാണ് രാജ്‌നാഥ് ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തുന്നത്.
പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ തേടിയുള്ള പ്രാഥമിക ചര്‍ച്ചകളാണ് നടത്തുന്നതെന്നാണ് ബിജെപി വിശദീകരണം. സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിന് എന്‍ഡിഎ യോഗം ഉടന്‍ ചേര്‍ന്നേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്‍മനി സന്ദര്‍ശനത്തിന് മുമ്പ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുകയും സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ മമതാ ബാനര്‍ജി വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലും സ്ഥാനാര്‍ഥിയെ കുറിച്ച് വ്യക്തത വന്നിട്ടില്ല. ശരദ് പവാറിനെ മമതാ ബാനര്‍ജി നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അനുകൂല പ്രതികരണം നടത്തിയിട്ടില്ല. ശരദ് പവാര്‍ മത്സരിക്കുന്നില്ലെങ്കില്‍ ഫാറൂഖ് അബ്ദുള്ള, ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരേയും മമത യോഗത്തില്‍ നിര്‍ദേശിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ ഒരു പേരും നിര്‍ദേശിച്ചിട്ടില്ല. പൊതുസമ്മതനായ ഒരാളെ ഒറ്റക്കെട്ടായി സ്ഥാനാര്‍ഥിയാക്കമെന്ന ധാരണയിലാണ് ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗം അവസാനിച്ചത്.
















