തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യ ഹരജി തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ ഹരജിയാണ് തള്ളിയത്. ഇതോടെ 26ാം തിയ്യതി വരെ ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി തുടരും.
വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒന്നാം പ്രതി ഫർസീൻ മജീദ് റൗഡി ലിസ്റ്റിൽപെട്ടയാളാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രതിക്ക് എതിരെ പതിമൂന്ന് കേസുണ്ടെന്നും അറിയിച്ചു. എന്നാൽ വിമാനത്തിൽ അക്രമം കാട്ടിയത് ഇ പി ജയരാജനാണെന്നും അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കിയത് നിഗൂഢമെന്ന് പ്രതിഭാഗം വാദിച്ചു. ഇക്കാര്യം കേസിൽ ഒരിടത്തും പരാമർശിച്ചില്ലെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി.
കേസിൽ കോടതി മാറ്റിയതിനെ എതിർത്ത് പ്രതിഭാഗം വീണ്ടും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് ജില്ലാ കോടതി തന്നെ പരിഗണിക്കുകയായിരുന്നു. നേരത്തെ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയത്.
















