ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ സിനിമയുടെ വിദേശ ഷെഡ്യൂള്‍ കഴിഞ്ഞു. ‘‘ആടുജീവിതം വിദേശ ഷെഡ്യൂൾ പൂർത്തിയായി. വീട്ടിലേക്ക് തിരിച്ചുവരുന്നു.’’ എന്നാണ് ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇനി കേരളത്തിൽ പത്ത് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. മൂന്ന് മാസത്തെ നീണ്ട വിദേശത്തെ ചിത്രീകരണം ആയിരുന്നു ആടുജീവിതം പൂർത്തിയാക്കിയത്.
മാര്‍ച്ച് പതിനാറിനാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് കാരണം ഏപ്രില്‍ ഒന്നിന് നിര്‍ത്തിവെച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആരംഭിക്കുകയായിരുന്നു. നാല്‍പ്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.ഓസ്കര്‍ പുരസ്കാര ജേതാവായ എ.ആര്‍ റഹ്‍മാന്‍ നീണ്ട ഇടവേളക്ക് ശേഷം ആട് ജീവിതത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
















