ലിംഗസമത്വം എന്നത് സ്ത്രീപുരുഷ സമത്വം മാത്രമല്ല. ട്രാൻസ്ജെൻഡർ സമൂഹവും അതിൽ ഉൾപ്പെടുന്നുണ്ടെന്ന് സമൂഹം മറന്നുപോകുകയാണ്. മൂന്നാംലിംഗ വിഭാഗത്തെ അംഗീകരിക്കാൻ ഒരു വിഭാഗം ആളുകൾ തയ്യാറാകാതെ അവരെ അകറ്റിനിർത്തുന്ന കാഴ്ച ഏറെ വിഷമകരമാണ്. ട്രാൻസ്ജെൻഡറുകൾക്ക് ജീവിക്കാൻ അവസരം നിഷേധിക്കുന്നത് വളരെയധികം മനുഷ്യത്വരഹിതമാണ്. ഇത്തരം പ്രവണതകളെ നിയമം വഴി തടയാൻ അധികാരികൾ തയ്യാറാകണം. ഇല്ലെങ്കിൽ രാജ്യത്തെ അനേകായിരങ്ങൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. ട്രാൻസ്ജെൻഡറുകൾക്ക് മറ്റുള്ളവരെപ്പോലെ തൊഴിൽചെയ്ത് ജീവിക്കാൻ കഴിയുന്നില്ല. പൊതുഇടങ്ങളിൽ നിന്ന് അവർ ആട്ടിയോടിക്കപ്പെടുന്നു. സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഉദ്ഘോഷിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരക്കാർ കൊടിയ അവകാശ ലംഘനങ്ങൾക്കിരയാകുന്നത് ലജ്ജാകരമായ യാഥാർത്ഥ്യമാണ്. അതിന്റെ ഒടുവിലത്തെ, ഞെട്ടിക്കുന്ന ഉദാഹരണമാണ് ‘അനീറ കബീർ’ എന്ന ട്രാൻസ്ജെൻഡറിന്റെ ജീവിതം.
ട്രാൻസ് വനിത എന്ന നിലയിൽ ഈ നാട്ടിൽ ജോലിചെയ്തു ജീവിക്കാൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാൽ, അവർ ഹൈക്കോടതിയിൽ ദയാവധത്തിനായി അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഈ വാർത്ത സാക്ഷര കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. രണ്ട് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും എം.എഡും സെറ്റും പാസ്സായി അദ്ധ്യാപക നിയമനത്തിനുള്ള എല്ലാ യോഗ്യതകളും നേടിയിട്ടും ട്രാൻസ്ജൻഡറാണെന്ന ഒറ്റകാരണത്താൽ സർക്കാർ സ്കൂളുകളിൽ ഉൾപ്പെടെ ജോലി നിഷേധിക്കുകയും അധിക്ഷേപം നേരിടേണ്ടി വരുകയും ചെയ്തു ഈ ട്രാൻസ്ജെൻഡർ യുവതിക്ക്. മനുഷ്യനെന്ന പരിഗണനപോലും
ഇവിടെ നിഷേധിക്കപ്പെട്ടു. ട്രാൻസ് ജെണ്ടറുകളെ മൂന്നാംലിംഗക്കാരായി പരിഗണിക്കണമെന്നും ഇവർക്ക് ആർട്ടിക്കിൾ 15, 16 എന്നിവ പ്രകാരം ജെൻഡർ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളിൽ നിന്നു സംരക്ഷണവും അവസരസമത്വവും ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നിട്ടാണ് ഈ ദുരവസ്ഥ.
ഡി.എം.കെ, എം. പി. ആയ തിരുച്ചി ശിവ 2014 ഡിസംബർ 12 നു രാജ്യസഭയിൽ അവതരിപ്പിച്ച (പ്രൈവറ്റ് മെമ്പർ ബിൽ) The Right of Transgender Persons Bill, 2014 ൽ, ട്രാൻസ് ജെൻഡറുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും സംവരണം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. മേല്പറഞ്ഞ ബിൽ 24.4.2015 ന് രാജ്യസഭ പാസാക്കുകയും 26.2.2016 ന് ലോക്സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ബില്ലിലെ പല വ്യവസ്ഥകളോടും സർക്കാരിന് എതിർപ്പുണ്ടായിരുന്നതിനാൽ ലോക്സഭയിൽ പാസാക്കിയ ബിൽ നിയമമാക്കാൻ സാധിച്ചില്ല. തുടർന്ന് ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ Transgender Persons Protection of Rights Bill, 2016 പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ തിരുച്ചി ശിവയുടെ ബില്ലിൽ ഉൾപ്പെടുത്തിയിരുന്ന റിസർവേഷൻ ഉൾപ്പെടെയുള്ള നിരവധി വ്യവസ്ഥകൾ ഒഴിവാക്കിയാണ് പുതിയ ബിൽ അവതരിപ്പിച്ചത്.
പ്രസ്തുതബിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയയ്ക്കുകയും 2017 ജൂലൈ 21നു സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ ട്രാൻസ്ജെൻഡറുകൾക്ക് റിസർവേഷൻ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ ഉണ്ടായിരുന്നെങ്കിലും സർക്കാർ ഉൾപ്പെടുത്താൻ തയാറായില്ല. ഇപ്രകാരം കേന്ദ്രനിയമത്തിൽ വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ട്രാൻസ്ജെൻഡറുകൾക്ക് അനീറയ്ക്കു സംഭവിച്ചതു പോലെയുള്ള ദുരനുഭവങ്ങൾ ഉണ്ടാകില്ലായിരുന്നു. ഇന്ത്യൻ പിന്തുടർച്ച അവകാശനിയമങ്ങൾ ജെൻഡർ ന്യൂട്രൽ അല്ലെന്ന് മാത്രമല്ല, അവയിലെ പല വ്യവസ്ഥകളും പുരുഷനെയും സ്ത്രീയെയും പിന്തുടർച്ചയ്ക്കായി ഒരേ മാനദണ്ഡത്തിൽ പരിഗണിക്കാത്തവയുമാണ്. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ പിന്തുടർച്ച അവകാശങ്ങളെക്കുറിച്ചും നമ്മുടെ നിയമങ്ങളിൽ അവ്യക്തത നിലനിൽക്കുന്നു.
ട്രാൻസ് ജെൻഡറുകളുടെ കാര്യത്തിൽ ബെർത്ത് സർട്ടിഫിക്കറ്റ്, സ്കൂൾ രേഖകൾ തുടങ്ങിയ തിരിച്ചറിയൽ രേഖകളിലുണ്ടാകുന്ന ചെറിയ വൈരുദ്ധ്യങ്ങൾ പോലും പിന്തുടർച്ചാവകാശങ്ങൾ നിഷേധിക്കപെടാൻ കാരണമായി തീരുന്നുമുണ്ട്. മേല്പറഞ്ഞ എല്ലാ ലിംഗപരമായ വിവേചനങ്ങളും അവ്യക്തതകളും ഒഴിവാക്കിക്കൊണ്ട് രാജ്യത്തെ പിന്തുടർച്ച അവകാശനിയമങ്ങൾ ജെൻഡർ ന്യൂട്രലായി ഭേദഗതി ചെയ്യേണ്ടതാണ്. Transfer of property കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ സംസ്ഥാനങ്ങൾക്കും ഈ കാര്യത്തിൽ നിയമം ഉണ്ടാക്കാം. പലവിധ സാമൂഹ്യ സാഹചര്യങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട വ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തേണ്ടതും യാതൊരുവിധ വിവേചനങ്ങളും കൂടാതെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതും സ്റ്റേറ്റിന്റെ ധർമ്മമാണ്. ആയതിനാൽ ട്രാൻസ്ജൻഡറുകൾക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം അനുവദിക്കുന്നതിനും പിന്തുടർച്ച അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി The Transgender Persons (Protection of Rights) Act, 2019 ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.