കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. പ്രതിഷേധ മാർച്ചുകൾക്കിടയിലായിരുന്നു സംഘർഷം.ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസുകാരെ മർദിച്ചു.
പേരാമ്പ്ര നൊച്ചാട് സിപിഎം – കോൺഗ്രസ് സംഘർഷത്തെ തുടർന്നുണ്ടായ കല്ലേറിൽ 3 പൊലീസ്കാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. പൊലീസ് ഗ്രനൈഡ് പ്രയോഗിച്ചു. ഗ്രനേഡ് പതിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കൈക്ക് പരിക്കേറ്റു.
പാലേരിയിൽ കോൺഗ്രസ് പ്രവർത്തകരെ സി പി എം പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത കരിദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്. തിരുവനന്തപുരം ഇലിപ്പോട് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ ചീമുട്ടയെറിഞ്ഞു. കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകരും പലയിടത്തും ഏറ്റുമുട്ടി
തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അല്പസമയം മുമ്പ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം- യുഡിഎഫ് സംഘർഷമുണ്ടായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. ഒരു പുതിയ കേസ് കൂടി തൻ്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.
കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. മുഖ്യമന്ത്രിക്ക് ഷാജ് കിരണുമായി ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. – സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
















