തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടന്നതിന് പിന്നാലെ സിപിഎമ്മിനേയും പോലീസിനേയും വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിനെ വധിക്കാനാണ് ശ്രമിച്ചതെന്നും ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് സമരത്തെ ഇല്ലാതാക്കാമെന്ന് കരുതരുതെന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തന്റെ കുട്ടികളെ പ്രകോപിപ്പക്കരുതെന്നും ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്‍ക്കുകയാണെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്കെതിരെയാണ് പ്രതിഷേധിക്കുന്നത്. അതിനെ നേരിടാന്‍ ഇവിടെ പോലീസുണ്ട്. പോലീസിനും പോലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സി പി എം മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലറങ്ങുന്നതെന്നും സുധാകരന്‍ ചോദിച്ചു
സ്വർണ്ണക്കള്ളക്കടത്തും കറൻസി കടത്തും നടത്തിയ പിണറായിയെ ബിജെപി രക്ഷിക്കാൻ നോക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കെ. സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രതിപക്ഷ നേതാവിനെ വഴി നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച സിപിഎം ഗുണ്ടാസംഘം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ അക്രമിച്ച് കേറി വധശ്രമം നടത്തിയിരിക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെ ആക്രമിക്കപ്പെടുന്ന നിലയിലേയ്ക്ക് ക്രമസമാധാന പാലനം തകര്‍ന്നിരിക്കുന്നു.
കോണ്‍ഗ്രസ് സമരം ചെയ്യുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്കെതിരെയാണ്. അതിനെ നേരിടാന്‍ ഇവിടെ പോലീസുണ്ട്. പോലീസിനും പോലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സി പി എം ഗുണ്ടകള്‍ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലറങ്ങുന്നത്?
ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകളെ,
ഞങ്ങളുടെ കുട്ടികളെ,
ഞങ്ങളുടെ പ്രതിപക്ഷ നേതാവിനെ ഒക്കെ ആക്രമിച്ച് സമരം ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ട.
സമരങ്ങളുടെ തീച്ചൂളകള്‍ കടന്നു വന്നവരാ ഞങ്ങള്‍. ക്ഷമയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുകയാണ് എന്റെ കുട്ടികള്‍. ഇനിയും അവരെ പ്രകോപിപ്പിക്കരുത്.
സ്വര്‍ണ്ണക്കള്ളക്കടത്തും കറന്‍സി കടത്തും നടത്തിയ പിണറായിയെ ബിജെപി രക്ഷിക്കാന്‍ നോക്കുകയാണ്. വിട്ടുവീഴ്ചകളില്ലാതെ കോണ്‍ഗ്രസ് സമരം തുടരും. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ ഇനിയും തെരുവുകളില്‍ ജനപക്ഷത്ത് തന്നെയുണ്ടാകും.
















