ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്ത് വിടപറഞ്ഞിട്ട് രണ്ട് വർഷം.പ്രിയ നടൻ ഓർമയാകുമ്പോഴും മരണത്തിൽ ദുരൂഹത ഇപ്പോഴും തുടരുകയാണ്.നടുക്കത്തോടെയായിരുന്നു സുശാന്തിന്റെ വിയോഗ വാർത്ത ഇന്ത്യൻ സിനിമ ലോകം കേട്ടത്. വെറും ഏഴ് വർഷം കൊണ്ട് ഇന്ത്യൻ സിനിമയ്ക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ സുശാന്ത് സമ്മാനിച്ചു.
നെപ്പോട്ടിസം അടക്കി വാഴുന്ന ബോളിവുഡിൽ സാധാരണക്കാർക്കും എത്തിച്ചേരാൻ സാധിക്കുമെന്നും സ്വപ്രയത്‌നത്താൽ തെളിയിച്ച വ്യക്തിയാണ് സുശാന്ത്സിംഗ്.ഷാറുഖ് ഖാന്റെ കടുത്ത ആരാധകനായിരുന്ന സുശാന്ത് ബോളിവുഡിൽ എത്തിച്ചേരുകയായിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുശാന്ത് സിംഗ് കലാരംഗത്ത് ശ്രദ്ധേയനായത്. പവിത്ര രിഷ്ത എന്ന പരമ്പര സുശാന്തിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ‘ഝലക് ദിഖ്‌ലാ ജാ’ എന്നൊരു ഡാൻസ് മത്സരത്തിലും സുശാന്ത് പങ്കെടുത്തു.

കൈപോ ചെ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കുള്ള സുശാന്തിന്റെ അരങ്ങേറ്റം. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. ശുദ്ധ് ദേശി റൊമാൻസ്, ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി കേദാർനാഥ്, ചിച്ചോർ,പികെ എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി.എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചത് സുശാന്ത് ആയിരുന്നു.

കടുത്ത മാനസിക സമ്മർദം സുശാന്ത് അനുഭവിച്ചിരുന്നുവെന്നാണ് മരണശേഷം പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നത്. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന അവഗണനകളിൽ സുശാന്തിന് വിഷമമുണ്ടായിരുന്നു. മാറ്റി നിർത്തപ്പെട്ടും, കളിയാക്കലുകൾ സഹിച്ചും ജീവിച്ച സുശാന്ത് വേദനകൾ മറക്കാൻ ലഹരിയെ ആശ്രയിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞു.ഏഴുവർഷത്തെ സിനിമാ ജീവിതത്തിൽ അവിസ്മരണീയമായ കഥാപാത്രങ്ങൾ, ഇനിയും ചെയ്തുതീർക്കാൻ നിരവധി വേഷങ്ങൾ ബാക്കിവച്ചാണ് സുശാന്ത് സിംഗ് വിടവാങ്ങിയത്.
















