ന്യൂഡല്‍ഹി: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. രാഷ്ട്രപതി തെരഞ്ഞടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുവായ അജണ്ട ചര്‍ച്ച ചെയ്യാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജൂണ്‍ 15ന് യോഗം വിളിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് സോണിയ അടക്കമുള്ള ഇരുപത്തിരണ്ടോളം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് മമത കത്തയച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ അടക്കമുള്ളവരുടെ പിന്തുണ മമത തേടി.
മമത കത്തയച്ചതിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പവാറിനെ നേരിട്ട് കണ്ട് ഇക്കാര്യം സൂപിപ്പിച്ചെന്നാണ് വിവരം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ഖാര്‍ഗെ ചര്‍ച്ച നടത്തിയെന്നാണ് വിവരം.
ആംആദ്മി നേതാവ് സഞ്ജയ് സിംഗും പവാറിനെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. പവാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ സോണിയ ഗാന്ധി താത്പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മമതയും പവാറിന് പിന്തുണയറിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ പവാറിന് ലഭിക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച മമത വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.
















