നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി എംപി ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരായി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഇഡി ഓഫീസിലേക്ക് എത്തിയത്. കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ഇന്ന് രാവിലെ മുതൽ ഡൽഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.എ ഐ സി സി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്ര സേനയെ വിന്യസിച്ചു.
നേരത്തെ തന്നെ കോണ്‍ഗ്രസ് റാലിയ്ക്ക് അനുമതി നിഷേധിച്ചതിനാൽ വിലക്ക് ലംഘിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തു. ഇതിനിടെ രാഹുലിനൊപ്പം അഭിഭാഷകരുടെ സംഘത്തെ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ തര്‍ക്കം രൂക്ഷമായി. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തതോടെ രംഗം വഷളായി. പിന്നാലെ രണ്‍ദീപ് സിങ് സുര്‍ജേവാല, വികെ ശ്രീകണ്ഠന്‍, ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കനത്തതോടെ രാഹുലിനൊപ്പം ഒരു അഭിഭാഷകനെ അനുവദിച്ചു.ഇതിനിടെ ചോദ്യംചെയ്യല്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
















