ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡാനന്തര ചികിത്സയ്ക്കായാണ് ഗംഗാ റാം ആശുപത്രിയിലേക്ക് മാറ്റിയത്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയ ഗാന്ധിക്കും രാഹുൽ ഹാന്ധിക്കും ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയെ സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തില്‍ കളളപ്പണ ഇടപാടും വന്‍ നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു സോണിയക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതേ കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ രാഹുൽ ഗാന്ധിയും കൂടുതൽ സമയം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല സോണിയാ ഗാന്ധിയുടെ കോവിഡ് പരിശോധനാ ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
ജൂൺ എട്ടിന് സോണിയ ഗാന്ധി ഇ.ഡിക്കു മുന്നിൽ ഹാജരാകുമെന്ന് സുർജേവാല വ്യക്തമാക്കിയിരുന്നു. എന്നാൽ ഇ.ഡിക്കു മുന്നിൽ ഹാജരാവാൻ സോണിയയ്ക്ക് സാധിച്ചിരുന്നില്ല. ജൂൺ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധിക്ക് പുതിയ സമൻസ് അയച്ചതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അറിയിച്ചിരുന്നു
നാളെ രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ഗാന്ധി ഇഡിക്ക് മുമ്പില്‍ ഹാജരാകും. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങും. രാജസ്ഥാന്‍, ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കും.
















