കാന്‍പുര്‍: പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുർ ശർമയുടെ പരാമർശത്തിന്‍റെ പേരിൽ യുപിയിലെ കാൺപൂരിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ പേരിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി. അനധികൃത നിർമ്മാണമെന്ന് കാട്ടിയാണ് സര്‍ക്കാര്‍ നടപടി.
കാൺപൂരിൽ കൂടുതൽ ഇടങ്ങളിൽ പൊളിക്കൽ നടപടികൾ തുടരുകയാണ്. നാളെയും പൊളിക്കൽ നടപടികൾ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുൾഡോസർ നടപടി തുടരുമെന്ന് യുപി മുഖ്യമന്ത്രിയും വ്യക്തമാക്കി.
സഹറന്‍പുര്‍ സംഭവവുമായി ബന്ധപ്പെട്ട 64 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ബുള്‍ഡോസറുമായി എത്തുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചിട്ടുണ്ട്. അറസ്റ്റിലായ മുസമ്മില്‍, അബ്ദുള്‍ വഖീര്‍ എന്നിവരുടെ വീടുകളിലേക്കാണ് അധികൃതര്‍ എത്തിയത്. അനധികൃത നിര്‍മാണം എന്നാരോപിച്ചാണ് ബുള്‍ഡോസറുമായി എത്തിയുള്ള നടപടി
റാഞ്ചിയില്‍ നൂപുര്‍ ശര്‍മ്മയുടെപരാമര്‍ശത്തിനെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ 22പേരില്‍ 10 പേര്‍ പോലീസുകാരാണ്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് റാഞ്ചി നഗരത്തില്‍ ചിലയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്നും ഒരു നിരപരാധിയും ശിക്ഷക്കപ്പെടില്ലെന്നും യോഗി ട്വിറ്ററില്‍ കുറിച്ചു.
















