തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിന് കേസ്. കെഎസ്ആര്‍ടിസി ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇസ്ലാം മതവിശ്വാസികളെ അവഹേളിക്കുന്നതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പേലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 294 എ എന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി.ആര്‍. നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അടക്കം വിശദമായി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
കെഎസ്ആര്‍ടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി.എച്ച്.അഷറഫിന്റെ ഫോട്ടോ ഉപയോഗിച്ചായിരുന്നു വിദ്വേഷ പ്രചരണം. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ യൂണിഫോമായ ആകാശനീല ഷര്‍ട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നാല്‍, ഫോട്ടോയുടെ ബ്രൈറ്റ്‌നെസ് കൂട്ടി, വെള്ള നിറമെന്ന് തോന്നിക്കുന്ന തരത്തിലാക്കിയായിരുന്നു പ്രചാരണം.
ഡ്രൈവര്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോര്‍ത്തും വിരിച്ചിരുന്നു. ഇത് കുര്‍ത്തയാണെന്ന തരത്തിലായിരുന്നു കൃഷ്ണരാജും സംഘ്പരിവാര്‍ നേതാക്കള്‍ അടക്കമുള്ളവരും വ്യാഖ്യാനിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ യൂണിഫോമിന്റെ സര്‍ക്കുലറില്‍ ആകാശനീല ഷര്‍ട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുള്‍ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നതിന് വിലക്കുമില്ല. എന്നാല്‍, അഷ്‌റഫിന്റെ ഫോട്ടോ ഉപയോഗിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ‘താലിബാനി’ എന്നടകം ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം അഴിച്ചുവിടുകയായിരുന്നു. ഒടുവില്‍ കെഎസ്ആര്‍ടിസി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി പ്രസ്താവന പുറത്തിറക്കിയിരുന്നു.
















